സൂത്രവാക്യം
പൂജ്യം = പൂജിയ്ക്കപ്പെടേണ്ടത്.
പൂജ്യം = ഒന്നുമില്ലായ്ക, ശൂന്യത
മുകളിൽ പറഞ്ഞിരിയ്ക്കുന്ന രണ്ട് സമവാക്യങ്ങളും കൂടി ഏകോപിപ്പിച്ചാൽ
ശൂന്യത = പൂജിയ്ക്കപ്പെടേണ്ടത്
പൂജിയ്ക്കപ്പെടേണ്ട എന്തോ ഒന്ന് ശൂന്യത, ഒന്നുമില്ലയ്ക എന്നു പറയുന്നതിലുണ്ട്, അതിനാൽ തന്നെ പ്രത്യക്ഷത്തിൽ ശൂന്യത/ഒന്നുമില്ലായ്ക ആണെങ്കിലുംഅതു വെറും ഒന്നുമില്ലയ്കയല്ല, ശൂന്യതയല്ല.
പിന്നെന്താണു പൂജ്യം?
ഗുണഭാവങ്ങൾ
പൂജ്യത്തിനെ രണ്ട് തലങ്ങളിൽ നിന്നു കൊണ്ട് വിശകലനം ചെയ്യേണ്ടിയിരിയ്ക്കുന്നു. ഭൗതികമായ ഒരുതലത്തിൽ ഉള്ള (സ്തൂലം) അസ്തിത്വഹീനതയും സാങ്കൽപ്പിക തലത്തിൽ ഉള്ള (സൂക്ഷ്മം) നിലനിൽപ്പിൻറ്റെ അഭാവവും.
ഭൗതിക തലത്തിൽ ( സ്തൂല) ഒരാളിൻറ്റെ കൈവശം 1 ലക്ഷം രൂപ ഉണ്ട്. അതിൽ പകുതി ബാങ്കിൽ നിക്ഷേപിച്ചിരിയ്ക്കുന്നു. ഭൗതികമായി (സ്തൂലജാഗ്ര) പെട്ടെന്നെടുക്കാൻ 50,000 മാത്രമേ ഉള്ളൂ, എങ്കിലും ആൾ 1 ലക്ഷത്തിനുടമയാണ്. കയ്യിലുള്ള 50,000 ചിലവാക്കിയാൽ, കയ്യിൽ സ്തൂലജാഗ്രമായി ഇനിയുള്ളത് പൂജ്യം ആണ്, എങ്കിലും ആസ്തി 50,000 ഉണ്ട്, സ്തൂലസുഷുപ്തിയിൽ 50,000 കയ്യിലുണ്ട്. ബാങ്കിൽ നിന്നും 50,000 പിൻ വലിച്ചാൽ കയ്യിൽ 50,000 ഭൗതികമായി (സ്തൂലജാഗ്രമായി) വീണ്ടും എത്തുന്നു.
ആ 50,000 കൂടി ചിലവാക്കുമ്പോൾ വീണ്ടും പൂജ്യത്തിൽ എത്തി, ഇത്തവണഭൗതികമായും, സാങ്കൽപ്പികമായും പൂജ്യം തന്നെ ആസ്തി.
മറ്റോരാളിൽ നിന്നും 1 ലക്ഷം രൂപ കടം വാങ്ങുകയാണിനി. ഇപ്പോൾ കയ്യിൽ 1 ലക്ഷം ഉണ്ട് ഭൗതികമായി ( സ്തൂല), എന്നാൽ സങ്കൽപ്പികമായി (സൂക്ഷ്മത്തിൽ), 1 ലക്ഷം കടത്തിലാണ്, മാനസികമായി ആ ഭാരം ഉണ്ട്, ആശങ്കയുണ്ട്.
ആ കാശും ചിലവാക്കുന്നു, ഇപ്പോൾ വീണ്ടു ഭൗതികമായി കയ്യിൽ പൂജ്യം ആണ്, പക്ഷേ സാങ്കൽപ്പികമായി ഋണം 1 ലക്ഷം ആണ്. കടക്കാരെ കാണുമ്പോൾ അവധി ആയെങ്കിൽ ഒഴിഞ്ഞ് നടക്കൽ, തുടങ്ങി മാനസികപിരിമുറുക്കം.
1 ലക്ഷം സ്വന്തമായി സമ്പാദിച്ച്, വാങ്ങിയ 1 ലക്ഷം കൊടുത്ത് തീർത്തു, വീണ്ടും കയ്യിൽ പൂജ്യം, സങ്കൽപ്പത്തിലും പൂജ്യം; എന്നാൽ മാനസിക നിലയിൽ ആശ്വാസം, ആത്മവിശ്വാസം.
ഇനി ഒരു ലോട്ടറി എടുത്ത് വച്ചിട്ട് അതിൻറ്റെ പ്രതിഫലമായ 1 ലക്ഷം ലഭിയ്ക്കും എന്നു വിചാരിച്ചാൽ, അവിടെ സ്തൂലത്തിൽ പൂജ്യമെങ്കിലും, സ്വപ്നത്തിൽ 1 ലക്ഷമുണ്ട്, ചിലപ്പോൾ അതു സ്തൂലമായേയ്ക്കാം, ആകാതെയുമിരിയ്ക്കാം.
ഇനി ധനത്തിനു ആവശ്യമില്ലാതെ വരിക, വിദേശത്ത് മക്കളുടെ കൂടെ വസിയ്ക്കുന്നതു പൊലെ, അവിടുത്തെ ചിലവ് അവരാണു വഹിയ്ക്കുന്നതെങ്കിൽധനവും അതിൻറ്റെ ആവശ്യകതയും മറ്റൊന്നിൽ ലയിച്ച് ഇല്ലാതാകുന്നു.
ഇവിടെ വിവിധരീതിയിൽ ഉള്ള പൂജ്യങ്ങൾ നാം കണ്ടു. ഓരോ പൂജ്യത്തിനും വ്യത്യസ്ഥ ഗുണം, വ്യത്യസ്ഥ ഭാവം.എല്ലാ പൂജ്യവും ഒന്നു തന്നെ ആണോ? പൂജ്യങ്ങൾ പരസ്പരം വ്യത്യസ്ഥങ്ങൾ ആണോ? (സ്തൂല, സൂക്ഷ്മ അവസ്ഥകൾ, ഇതിൽ സ്തൂല-ജാഗ്രവും, സ്തൂല-സുഷുപ്തിയും, സൂക്ഷ്മ-സ്വപ്നവും, സൂക്ഷ്മ- തുരിയയും നമ്മൾക്ക് കാണുവാൻ സധിയ്ക്കുന്നു.)
അവസ്ഥാന്തരങ്ങൾ
നിങ്ങൾ ഇരിയ്ക്കുന്ന സ്ഥലത്തിനു ചുറ്റും എത്ര പൂജ്യങ്ങൾ ഉണ്ട്?
വെളിച്ചം ഉള്ളിടത്ത്, ഇരുട്ട് പൂജ്യമാണ്, നേരേ മറിച്ചും.
സുഗന്ധം ഉള്ളിടത്ത്, ദുർഗന്ധം പൂജ്യമാണ്, നേരേ മറിച്ചും.
തണുപ്പ് ഉള്ളപ്പോൾ ചൂട് പൂജ്യമാണ്, നേരേ മറിച്ചും.
ഇപ്രകാരം പരസ്പര നിഷ്ക്കാസിതമായ ഗുണങ്ങൾ ഏറെയുണ്ട് ചുറ്റിനും അവയിലൊന്ന് പൂജ്യവുമാകും.
നിറങ്ങളെ നോക്കൂ പച്ച പൂജ്യമാകാം, മഞ്ഞ പൂജ്യമാകാം, ചുവപ്പാകാം പൂജ്യം അന്വേഷിച്ചാൽ പല നിറങ്ങളും പൂജ്യമാകാം.
ലോഹങ്ങൾ, വാതകങ്ങൾ, സംയുക്തങ്ങൾ, മൂലകങ്ങൾ, ഇവയിലെ പലതും പൂജ്യം ആണെന്നു കാണാം.
അങ്ങനെയെങ്കിൽ ആകെ എത്ര പൂജ്യങ്ങൾ നമുക്കു ചുറ്റും?
സമീപത്ത് ഇല്ലാത്ത ജലം അന്വേഷിയ്ക്കുമ്പോൾ പൂജ്യം ജലത്തിൻറ്റെ സങ്കൽപ്പത്തിൽ എത്തുന്നു.
നിലവിൽ ഇല്ലാത്ത ശൈത്യം തിരയുമ്പോൾ പൂജ്യം ശൈത്യത്തിൻറ്റെ സങ്കൽപ്പത്തിൽ എത്തുന്നു.
മുറിയിലില്ലാത്ത ലോഹം തിരയുമ്പോൾ പൂജ്യം ലോഹത്തിൻറ്റെ സങ്കൽപ്പത്തിൽ എത്തുന്നു.
സങ്കൽപ്പ സാമ്യം
ഇതു തന്നെ ആല്ലേ ബ്രഹ്മ സങ്കൽപ്പവും? എവിടേയും കാണുന്ന ബ്രഹ്മം, എന്നാൽ കാണാനൊക്കാത്ത ബ്രഹ്മം.
എല്ലാഗുണങ്ങളുമുള്ള ബ്രഹ്മം, എന്നാൽ ഒരു ഗുണത്തിലും നിർവ്വചിയ്ക്കാനാകാത്ത ബ്രഹ്മം.
അതിനെ അറിയാമെന്നു പറയുന്നവനു അറിഞ്ഞു കൂടാത്ത ബ്രഹ്മം, ബ്രഹ്മത്തെ പറ്റി തനിയ്ക്കറിയില്ല എന്നു പറയുന്നവൻ യഥാർത്ഥത്തിൽ അറിയുന്ന ബ്രഹ്മം.
ഗണപതിയായി തിരഞ്ഞാൽ ഗണപതിയാകുന്ന ബ്രഹ്മം, സരസ്വതിയായി തിരഞ്ഞാൽ സരസ്വതിയാകുന്ന ബ്രഹ്മം.
അതേ ബ്രഹ്മം പൂജിയ്ക്കപ്പെടേണ്ടതാണ്, പൂജ്യമാണ്.പൂജ്യം- പൂജിയ്ക്കപ്പെടേണ്ടത് ബ്രഹ്മത്തെ മാത്രമാണ്.ബ്രഹ്മമാണ്.
തത്വത്തിനു വിശദീകരണങ്ങൾ വേണം, വിശകലനങ്ങളും.
അപഗ്രഥനം
പൂജ്യത്തെ ഇനി വിവിധ ക്രിയകൾക്ക് വിധേയമാക്കാം.
പൂജ്യത്തോട് പൂജ്യം സങ്കലനം ചെയ്യുക, ലഭിയ്ക്കുന്നത് പൂജ്യമാണ്, ഇമ്മിണി വല്യ പൂജ്യമോ? ചെറിയ പൂജ്യമോ അല്ല, സാക്ഷാൽ പൂജ്യം.ഇനി പൂജ്യം വെറേ ഏതെങ്കിലും സംഖ്യയോട് കൂട്ടിയാലോ? സംഖ്യയിൽ യാതൊരു മാറ്റവും വരുന്നില്ല. ബ്രഹ്മവും ഇപ്രകാരമാണ്,സനാതന ധർമ്മപ്രകാരം എല്ലാം ബ്രഹ്മത്തിലാണ്; അതിൽ നിന്നല്ലാതെ എന്തെങ്കിലും എടുക്കുവാനോ, ചേർക്കുവാനോ സാധ്യമല്ല. അതിൽ സ്ഥിതി ചെയ്യുന്ന ഒന്നിനോട്, അതു തന്നെ ചേർക്കണം എന്നു പറയുന്നതേ അനുചിതമാണ്.
ഇനി പൂജ്യത്തിൽ നിന്നും പൂജ്യം വ്യവകലനം ആകട്ടേ. ഫലം പൂജ്യം തന്നെ, വലുതോ, ചെറുതോ അല്ലാത്ത പൂജ്യം. മറ്റൊന്നിൽ നിന്നും പൂജ്യം കുറച്ചാൽ അതേ സംഖ്യഫലമായി വരുന്നു. സങ്കലനത്തിലെ അതേ ബ്രഹ്മസങ്കൽപ്പം ആണിവിടേയും.
ഇനി ഗുണനം ആകാം. പൂജ്യം കൊണ്ട് ഏതു സംഖ്യയെ, അതു പൂജ്യത്തെ തന്നെ ആയാൽ പോലും, ഗുണിച്ചാൽ ഫലം പൂജ്യം.അനതമായ ബ്രഹ്മത്തെ എത്ര തവണ പെരുപ്പിച്ചു നൊക്കിയാലും അതു ബ്രഹ്മം തന്നെ.
ഇനി ഹരണം ഒഴിവാക്കേണ്ട. പൂജ്യത്തെ പൂജ്യം കൊണ്ട് ഹരിച്ചാൽ പൂജ്യംഫലം, എന്നാൽ മറ്റേതെങ്കിലും ഒരു സംഖ്യയെ പൂജ്യം കൊണ്ട് ഹരിച്ചാൽ അനന്തത ഫലം. ബ്രഹ്മത്തെ ബ്രഹ്മം ഖണ്ഡങ്ങളായി വിഭജിയ്ക്കാൻ ശ്രമിച്ചാൽബ്രഹ്മം ഫലം. ബ്രഹ്മത്തിൽ സ്ഥിതി ചെയ്യുന്ന എന്തിനെ എങ്കിലും ബഹ്മം ഖണ്ഡങ്ങളായി വിഭജിയ്ക്കാൻ നോക്കിയാൽ അനന്തം ഖണ്ഡങ്ങളായി വിഭജിയ്ക്കാൻ സാധിയ്ക്കും, അത്രയ്ക്ക് ചെറുതാണ്, ബ്രഹ്മം?.
പൂജ്യത്തെ ഏതെങ്കിലും സംഖ്യ കൊണ്ട് ഹരിച്ചാൽ പൂജ്യം തന്നെ ഫലം, ചെറുതോ, വലുതോ അല്ലാത്ത അതേ പൂജ്യം. എത്ര വലിയ സംഖ്യ കൊണ്ട് ഹരിച്ചാലും അത്രയും തന്നെ ആയി നിൽക്കുവോളം വലുതുമാണു ബ്രഹ്മം?
ഒരേ സമയം വളരെ ബ്രഹത്തും, തീരെ സൂക്ഷ്മവും ആയ പൂജ്യം, ബ്രഹ്മം.
സായിപ്പ് ഇതുവരെ നമ്മൾ പറയുന്ന പരമാണു എന്തെന്ന് തിരിച്ചറിഞ്ഞിട്ടില്ലഎന്നു ശ്രീനാരായണഗുരു പറഞ്ഞ ആ പരമാണുവായ ബ്രഹ്മം.
ചരിത്രവും, ഉപജാപങ്ങളും
ഇനി അൽപ്പം ചരിത്രം പറയാം, ഒപ്പം കാലഗണനയും.
ചരിത്രത്തിൽ ആദ്യമായി എഴുതപ്പെട്ട ഗ്രന്ഥം എന്നു പറയപ്പെടുന്നത് ഋഗ്വേദം ആണ്. എന്നാൽ ഇതിനർത്ഥം ആദ്യമായി ഉണ്ടാക്കിയ ഗ്രന്ഥം അതാണ് എന്നല്ല.ആര്യന്മാരുടെ പ്രസ്ഥാനത്തെ സൂചിപ്പിയ്ക്കുന്ന ഋഗ്വേദം, എന്തായാലും അവർക്കു വളരെ മുമ്പേ പുറപ്പെട്ടു പോന്ന ദ്രാവിഡരും, ആര്യന്മാരെ ഓടിപ്പോകാൻ നിർബ്ബന്ധിതരാക്കിയ അസുരന്മാരും മ്ധ്യതരണ്യാഴിയ്ക്ക് സമീപം വച്ചു തന്നെ, അവസാനം എഴുതപ്പെട്ട അഥർവ്വവേദം ഗ്രഹിച്ചിരുന്നു, എന്നതിനാൽ തന്നെ ഋഗ്വേദത്തിനും വളരെ മുമ്പ് തന്നെ അഥർവ്വ വേദം നിലനിന്നിരുന്നു എന്നു വേണം കരുതാൻ. ഇതു എഴുതപ്പെടുകയോ, സൂക്ഷിച്ചു വയ്ക്കുകയോ ചെയ്തില്ലെങ്കിലും, വായ് മൊഴിയായി പകർന്നു നൽകപ്പെട്ടിരുന്നു. ഏകദേശം ബി.സി. 10,000 ത്തിനടുത്ത് തന്നെ സനാതനധർമ്മം ഹിമാലയസാനുക്കളിൽ നിലനിന്നിരുന്നു. അഥർവ്വ വേദവും ഇക്കാലത്ത് പ്രചാരത്തിൽ ഉണ്ടായിരുന്നു എന്നു വേണം കരുതേണ്ടത്. നീഗ്രോയ്ഡ്ഡ്സ്സ് (വനവാസികളും ശൈവരുമായിരുന്നു, നാഗാരാധന ഇവരുടെ രീതിയാണ്), ആസ്ട്രലോയ്ഡ്ഡ്സ്സ്(നാവികരും വൈഷ്ണവരും ആയിരുന്ന ജനത, എറിഞ്ഞാൽ തിരിച്ചു വരുന്ന ബൂമുറാങ്ങ് എന്ന ആയുധം ആസ്ട്രലോയ്ഡ്ഡ്സ്സ് ആണുപയോഗിച്ചിരുന്നത്), ദ്രാവിഡരും ( കൂടുതലും സനാതന ധർമ്മ വിശ്വാസികളും, ബ്രഹ്മ - ആത്മൻ സങ്കൽപ്പവും, ദേവീഭക്തിയും ഇവരുടെ പ്രത്യേകതയാണ്). ഇവർ പരസ്പര ഭയ ഭക്തി ബഹുമാനത്തോടെ എന്നാൽ നിലനിൽപ്പിനായുള്ള സംഘർഷങ്ങളോടെ കഴിഞ്ഞു വന്നു, നദീതടസംസ്ക്കാരങ്ങളുടെ പ്രശസ്തി ആര്യൻറ്റെ ചെവിയിൽ എത്തും വരെ (ബി.സി.4000).
സൗഭഗ്യവും സുരക്ഷയും തേടിയുള്ള ആര്യൻറ്റെ യാത്ര, നദീതടസംസ്ക്കാരങ്ങളുടെ തകർച്ചയ്ക്ക് വഴിവച്ചു. ബി.സി. 2200 നു ശേഷം നീഗ്രോയ്ഡ്ഡ്സ്സിനോടും, ആസ്ട്രലോയ്ഡ്ഡ്സ്സിനോടും തോറ്റ ആര്യന്മാർ, അവരുടെ ദൈവങ്ങളായ ശിവനേയും, വിഷ്ണുവിനേയും അംഗീകരിച്ച്, തങ്ങളെ നയ്ച്ചിരുന്ന ഇന്ദ്രനെ ഒരു രണ്ടാംകിട ദൈവമാക്കി, തങ്ങൾ ദൈവവംശജരാണെന്ന് പറഞ്ഞ് ദ്രാവിഡരെ പറ്റിയ്ക്കാൻ ഒരു പിതാമഹൻ ബ്രഹ്മാവിനെ കൂട്ടിച്ചേർത്ത്, ത്രിമൂർത്തികളെ അവതരിപ്പിച്ചു. ( ഇന്ദ്രനു ബുദ്ധിമുട്ട് വരുമ്പോൾ, ശിവനും വിഷ്ണുവും ഒക്കെ വന്നു സഹായിച്ചു എന്നതിനു,സാമന്തനായ ആര്യനെ സഹായിയ്ക്കാൻ നീഗ്രോയ്ഡ്ഡ്സ്സിൻറ്റേയും, ആസ്ട്രലോയ്ഡ്ഡ്സ്സിൻറ്റേയും സേനകൾ രക്ഷയ്ക്കെത്തി എന്നേ ധരിയ്ക്കേണ്ടതുള്ളൂ; ഗ്രീക്ക് ഇതിഹാസകഥകൾ വ്യാഖ്യാനിയ്ക്കുമ്പോൾ പാശ്ചാത്യ ചരിത്രകാരന്മാർ സ്വീകരിയ്ക്കുന്ന നിലപാടുകൾ നോക്കുക: സിയൂസ്സ്, അഥീനയെ ബലാത്സംഗം ചെയ്തു, പിന്നീട് ദേവി സീയൂസ്സിൻറ്റെ ഭാര്യയായി, മകനുണ്ടായി, അപ്പോളോ വന്നു രക്ഷിച്ചു എന്നതിനർത്ഥം, അഥീനയെ പരദേവതയായി കണ്ടിരുന്ന നാട്ടുരാജ്യത്തെ സീയൂസ്സിനെ പരദേവതയായി കണ്ടിരുന്ന നാട്ടുരാജ്യം ആക്രമിച്ചു കീഴ്പ്പെടുത്തി, പിന്നെ ഒരു നാടിനെ കീഴ്പ്പെടുത്തിയാൽ സൈന്യം ആദ്യം ചെയ്യുന്ന കാര്യം പുരുഷന്മാരെ അടിമകളാക്കുകയോ, കൊന്നു കളയുകയോ ചെയ്യുക, സ്ത്രീകളെ മാനഭംഗപ്പെടുത്തുക എന്നിവയാണല്ലൊ? പിന്നീട് സാമന്ത രാജ്യമായി കഴിഞ്ഞു, വൈവാഹികബന്ധത്തെ തുടർന്ന് ഈ നാട്ടുരാജ്യം വിഭജിച്ചോ, രണ്ടിൽ നിന്നും കുറച്ചെടുത്തോ പുതിയ ഒരു നാട്ടു രാജ്യം സൃഷ്ടിച്ചു. അപ്പോളോയെ ആരാധിയ്ക്കുന്ന ഒളൊമ്പസ്സ് രാജ്യം സീയൂസ്സിനെ തോൽപ്പിച്ച് സ്വതന്ത്രപദവി നൽകി എന്നിങ്ങനെ ആണു വിശദീകരണം.
പിന്നീട് ആര്യന്മാർ ഇവിടെ നിന്നും അറിഞ്ഞ കാര്യങ്ങൾ ഗ്രന്ഥങ്ങളാക്കി. പൂജ്യത്തിൻറ്റെ കണ്ടുപിടിത്തം / അനാവരണം പോലും എ.ഡി.500 ൽ ജീവിച്ചിരുന്ന ഒരു ആര്യഭട്ടനു ചാർത്തിക്കൊടുത്തു. മഹഭാരതയുദ്ധകാലത്തെ (ബി.സി. 3139) കണക്ക് താഴെ കൊടുക്കുന്നു.
ഏകകം രഥം ആന കാലാൾ കുതിര
പത്തി 1 1 5 3
സേനാമുഖം 3 പത്തി
ഗുല്മം 3 സേനാമുഖം
ഗുണം 3 ഗുല്മം
വാഹിനി 3 ഗുണം
പ്രിതാനം 3 വാഹിനി
ചാമു 3 പ്രിതാനം
അനികിനി 3 ചാമു
അക്ഷൗഹിണി 3 അനികിനി
അക്ഷൗഹിണി 21870 21870 109350 65610.
ഈ കണക്കുകൾ കൂട്ടിയിരുന്നത് പൂജ്യം ചേർത്ത് തന്നെയായിരുന്നു. അഥർവ്വ വേദം ആണു അനാര്യരുടേയും, അസുരന്മാരുടേയും ശക്തി എന്നതിനാലാണു അതിനു ആര്യൻ കുറഞ്ഞ പ്രധാന്യവും, താഴ്ന്ന മഹത്വവും കൽപ്പിച്ചത്. ജ്യോതിഷം പഠിച്ചവരെ ഗണികൻ എന്നും ഗണിച്ചു പറയുക എന്നുമണു പറയുന്നത്. ഗണിയ്ക്കൽ എന്നാൽ സങ്കലന, വ്യവകലന, ഗുണന, ഹരണ ക്രിയകളിലൂടെയുള്ള ഗണിതശാസ്ത്രം തന്നെ. അതു മഴയുള്ള ജൂണിൽ സ്വഭാവികമായി വരാവുന്ന ജലദോഷത്തെ വ്യഖ്യാനിയ്ക്കവുന്ന രീതിയിൽ ശാരീരിക അസ്വാസ്ഥ്യം എന്നു പറയുന്ന അഭിനവ കല്ലു വിൽപ്പനക്കാരാണു നശിപ്പിയ്ക്കുന്നത്, ഹോരശസ്ത്രം നേരേ പഠിച്ചവന് ആ കണക്കുകൾ നോക്കി കാര്യങ്ങൾഅറിയാനൊക്കും.
വേദഗണിതം
ബി.സി. 10,000 ൽ, ഇന്നേയ്ക്ക് 12,000 വർഷം മുമ്പ്, അഥർവ്വ വേദത്തിൽ പ്രതിപാദിച്ച ചില ക്രിയകൾ നോക്കാം
ശതഛരമം - ചരമം - കുറയൽ തന്നെ. ആളുകൾ മരിയ്ക്കുമ്പോഴും ഇങ്ങനെ കുറയുകയല്ലേ, വീട്ടിലെ അംഗസംഖ്യ, റേഷൻ കർഡ്ഡിലെ യൂണിറ്റ്, എല്ലാം.
ശതഛരമം - എന്നാൽ നൂറിൽ നിന്നും കുറയ്ക്കുക.
ഇവിടെ നമുക്ക് 96 ൻറ്റെ വർഗ്ഗം ഒന്നു കണ്ട് നോക്കാം.
ചരമം - 100 - 96 = 4
96 ഇൽ നിന്നും ചരമം കുറയ്ക്കുക 96 - 4 = 92
പിന്നെ ചരമങ്ങൾ ഗുണിച്ചെഴുതുക 4 x 4 = 16
ഉത്തരം : 9216
ഇനി 97 നെ 93 കൊണ്ട് ഗുണിച്ചാലോ?
ആദ്യ സംഖ്യ : 97, ആദ്യ ചരമം 100 - 97 = 3
രണ്ടാം സംഖ്യ: 93, രണ്ടാം ചരമം 100 - 93 = 7
ആദ്യ സംഖ്യയിൽ നിന്നും രണ്ടാമത്തെ സംഖ്യയുടെ ചരമം കുറയ്ക്കുക, തിരിച്ചുമാകാം
97 - 7 = 90
ചരമങ്ങൾ ഗുണിച്ചു എഴുതുക 3 x 7 = 21
ഉത്തരം : 9021
അപ്പോൾ അങ്ങനെയാണു കാര്യങ്ങളുടെ കിടപ്പ്, ബി.സി. 10,000 ൽ ശതഛരമത്തിൽ (ശതം 100 ആണല്ലോ? മറ്റു ക്രിയകളിൽ ദശഛരമവും മറ്റും കാണാനാവും) ഉപയോഗിച്ച പൂജ്യം കണ്ടുപിടിച്ചത് എ.ഡി. 476 - 550 ൽ ജീവിച്ചിരുന്ന ഒരു ആര്യഭട്ടൻ! "ഓം" കേട്ടാൽ ശൂദ്രൻറ്റെ ചെവിയിൽ ഈയവും, മറ്റുള്ളവർക്ക് മരണവും വിധിച്ച അതേ തത്വങ്ങൾ. ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങി ഇപ്പോഴും ജീവിയ്ക്കുന്നവരേ നിങ്ങളോട് ഇത്രയേ പറയാനുള്ളൂ, നിങ്ങൾ പറയുന്ന ശൂന്യത വെറും ശൂന്യത ആല്ല; അവിടെ നിങ്ങൾക്കറിയാത്ത മറ്റു ചിലതുണ്ട്, അതിനെ ഞങ്ങൾ പൂജ്യമായ ബ്രഹ്മം എന്നു വിളിയ്ക്കുന്നു. അതിലൂടെ എല്ലാ ശക്തികളും കടന്നു വരും, "ഓം" എന്ന പ്രപഞ്ചത്തിൻറ്റെ സംഗീതവും, ആ പ്രണവ മന്ത്രവും കടന്നു വരും, ബോധതലത്തിലേയ്ക്ക് ബന്ധപ്പെടാൻ ത്രാണിയുള്ളവർ അത് ശ്രവിയ്ക്കുകയും ചെയ്യും.

ക്ഷമാപണം
ശ്രീശങ്കരാചാര്യരും, ശ്രീനാരായണഗുരുവുമൊക്കെ നിർവ്വചിയ്ക്കാൻ, ഭഷ്യം രചിയ്ക്കാൻ, ശ്രമം നടത്തിയ ബ്രഹ്മസങ്കൽപ്പത്തെയാണു അജ്ഞാനിയായ ഞാൻവിശദീകരിയ്ക്കാൻ ശ്രമിച്ചത്, എൻറ്റെ ഉദ്ദേശശുദ്ധി അറിയുന്ന ഗുരുക്കന്മാർ എന്നോട് പൊറുക്കട്ടേ.
ബ്രഹ്മവും പൂജ്യവും എന്ന ലേഖനത്തിനു രസകരമായ ഒരു തുടക്കമുണ്ട്. ശനിയുടെ കടുത്ത അപഹാരം മാറാൻ നെടുമങ്ങാട് രവീന്ദ്രൻ പറഞ്ഞതനുസരിച്ച് കരിയ്ക്കകത്ത് ക്ഷേത്രത്തിൽ നീരാഞ്ജനം നടത്താൻ ശനിയാഴ്ചകളിൽ പോയിരുന്ന കാലം. പോറ്റിമാരെ എല്ലാം അറിയാം, അവര് വരും വരെ വിളക്കും ഒക്കെ തെളിച്ച് , നല്ല പെണ്‍കൊച്ചുങ്ങൾക്ക് തീർത്ഥവും പകർന്ന് നിൽക്കുമ്പോഴാണ് സ്ഥിരം നീരാഞ്ജനത്തിനു തേങ്ങാ ഉഴിയുംപോൾ ചൊല്ലുന്ന മന്ത്രം കണ്ണൂടക്കിയത്.
ലോകവീര്യം മഹാപൂജ്യം
സർവ്വരക്ഷാകരം വിഭും
പാർവ്വതീ ഹൃദയാനന്ദം
ശാസ്താരം പ്രണമാമ്യഹം
സാക്ഷാൽ ധർമ്മശാസ്താവിനെ ശൂന്യൻ എന്ന് വിളിയ്ക്കുകയോ? എന്ന തമാശയാണാദ്യം മനസ്സില് വന്നത്. മഹാപൂജ്യം - വലുതായി പൂജിയ്ക്കപ്പെടേണ്ടത്. അപ്പോൾ പൂജ്യം പൂജിയ്ക്കപ്പെടേണ്ടത്.
അവിടെ തുടങ്ങി പഠനങ്ങൾ..... ഇന്നും അതവസാനിച്ചിട്ടില്ല...
No comments:
Post a Comment