Sunday, 14 February 2016

കൃത്രിമ ഉപഗ്രഹങ്ങളെ കസ്റ്റഡിയിലെടുക്കുന്ന ശനീശ്വരൻ!

ആചരങ്ങളേയും, അനുഷ്ഠാനങ്ങളേയും, അവയുടെ ശാസ്ത്രീയ വശങ്ങളേയും, നമ്മുടെ പൂർവ്വികർ തന്ത്രപൂർവ്വം നമുക്കായി പകർന്ന് വച്ചതും, നിറക്കൂട്ടുകളിൽ നഷ്ടപ്പെട്ടു പോകുന്നതുമായ യഥാർത്ഥ അറിവുകളും, ശാസ്ത്രവിജ്ഞാനവും ആണിവിടെ പ്രതിപാദിയ്ക്കുന്നത്. 

ഒറ്റമുണ്ടോ, തോർത്തോ, ഇലകളോ, ധരിച്ചോ, നഗ്നരായോ കഠിനമായ ജോലി ചെയ്തിരുന്ന മനുഷ്യന്റെ കുടലുകൾ ക്രമേണ താഴേയ്ക്ക് കേന്ദ്രീകരിച്ച് വീക്കമായി "ഹെർണിയ" എന്ന രോഗം ഉണ്ടാവാതെ തടയാൻ അറയിൽ ഒരു ചരട് കെട്ടണമെന്ന് ആയുർവ്വേദ വിദഗ്ദ്ധർക്ക് തോന്നിയപ്പോൾ, പോയിപ്പണി നോക്കാൻ പറയുന്ന നിഷേധികളെ അനുസരിപ്പിയ്ക്കാൻ അതിനെ അരഞ്ഞാണമെന്ന പേരിൽ, നൂലുകെട്ട്, അനുഷ്ഠാനവും ആചാരവും ആക്കി ചിട്ടപ്പെടുത്തി.

അതുപോലെ, കുളിയ്ക്കിടയിൽ പുരികങ്ങൾക്കടിയിൽ വരുന്ന നീർക്കെട്ടിനെ ഉണങ്ങാനുപയോഗിയ്ക്കുന്ന ചൂടിനാൽ വലിച്ചെടുത്ത് നീര്ദോഷം ഒഴിവാക്കുന്ന ചന്ദനക്കുഴമ്പിനെ ഭക്തിയുടെ ചന്ദനക്കുറി ആക്കിയത് പോലെഎത്ര വർണ്ണച്ചായങ്ങളിൽ തീർത്ത ആചാരനുഷ്ഠാനങ്ങൾ!

ഓരോ ഗ്രാമത്തിലേയും അംശങ്ങളിൽ ഉള്ള ഭൂനിരപ്പിൽ സ്വാഭാവികമായുള്ള ചരിവനുസരിച്ച്, മഴയായി പതിയ്ക്കുന്ന ജലം ഉപരിതലപ്രവാഹമായി ഒഴുകി ഏറ്റവും താഴ്ന്ന പ്രദേശത്ത് സംഭരിയ്ക്കപ്പെടുകയും, അവിടെ മണ്ണീലൂടെ ഭൂമിയുടെ ഉള്ളറകളിൽ എത്തി, മണ്ണിലെ ജലസംഭരണവും, ഭൂജലവിതാനത്തിൽ ഉയർച്ചയും, ജലസ്രോതസ്സുകളിൽ സമൃദ്ധിയും, വിളകൾക്കും വൃക്ഷങ്ങൾക്കും ഫലപിഷ്ടിയായി ഭവിയ്ക്കുന്നു. ഈ പ്രാദേശികജലസംഭരണ സംവിധാനം തകരാറായാൽ ഗ്രാമങ്ങളും, ആവാസവ്യവസ്ഥ തന്നെയും നശിയ്ക്കുമെന്നറിഞ്ഞ നമ്മുടെ പൂർവ്വികർ ആ നീർത്തടങ്ങളിൽ ഒരു നാഗവിഗ്രഹം വച്ച്, ഒരാഞ്ഞലിയും, ചൂരലും, വള്ളികളും വച്ച് പിടിപ്പിച്ച് അവയോടൊപ്പം ആ നീർത്തടം ചെറുകുളങ്ങളായി സംരക്ഷിച്ചു. അവ നശിപ്പിയ്ക്ക-പ്പെടാതിരിയ്ക്കാൻ ഭക്തിയുടെ, ഭയത്തിൻറ്റെ നിറം പിടിപ്പിച്ച കഥകൾ പ്രചരിപ്പിച്ചു. 

ആ മഴക്കുഴികൾ സംരക്ഷിയ്ക്കുവാൻ 

"കാവു തീണ്ടരുത്‌ മക്കളേ..... 
കുലം മുടിയും" 

എന്നൊരു ഉപദേശവും അവർ നൽകി. അത്‌ പഴമയുടെ വിഢിത്തമായി പരിഹസിച്ച്‌ ആ കാവുകളും, കുളങ്ങളും, ഇലഞ്ഞിയും, ആലും, ചൂരലും, ആഞ്ഞിലിയും, തകർത്തെറിഞ്ഞും; നാഗവിഗ്രഹങ്ങൾ മണ്ണാറശ്ശാലയിലും പാമ്പിന്മേക്കാവിലുമൊക്കെ പറിച്ച്‌ നടുകയും ചെയ്തപ്പോൾ.... ഒരു കാലത്ത്‌ കുളത്തിൽ ഉറയുന്ന തെളിനീർ കുടിച്ചിരുന്ന 

വെള്ളത്തിൽ മുങ്ങിയ കുട്ടനാട്ടിലെ കിണറിലും കുഴൽക്കിണറിലും പോലും ഒന്നൊരു തുള്ളി കുടിയ്ക്കാൻ യോഗ്യമായ ജലമില്ല!

ഇവ പിന്നീട് ചെറുതും വലുതുമായ ക്ഷേത്രങ്ങളാക്കിയും നീർത്തടങ്ങൾ ക്ഷേത്രക്കുളങ്ങളായും ഭരണാധികാരികളാൽ സംരക്ഷിയ്ക്കപ്പെട്ടു. ഇവയിലൊന്നായ പാത്രക്കുളം, കാർത്തികതിരുനാൾ തീയറ്റർ ആക്കിയതിൻറ്റെ തിക്തഫലങ്ങൾ ചെറുമഴയിൽ പോലുമുള്ള വെള്ളക്കെട്ടായ തിരുവനന്തപുരത്തിൻറ്റെ ഹൃദയമായ തമ്പാനൂരിൽ നിറയുന്നു.


നമുക്ക് ആകാശത്തിൽ ചുറ്റി നടക്കുന്ന ഉപഗ്രഹങ്ങളെ അറിയാം, നമ്മൾ ഭൂമിയ്ക്ക് മുകളിലെ ഒരേസ്ഥാനത്തിനു മുകളിലായി നിർത്തുന്ന ജിയോസ്റ്റേഷനറി ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങൾ ഒഴിച്ചാൽ എല്ലാം പ്രദിക്ഷണമോ, അപ്രദിക്ഷണമോ ആയി ഭൂമിയെ ചുറ്റുന്നവ ആണ്. ഇവയിൽ തിരുനെല്ലാർ ശനീശ്വരൻ ക്ഷേത്രത്തിനു മുകളിൽ കൂടി ഭ്രമണപഥമുള്ള ഉപഗ്രഹങ്ങൾ ആ ക്ഷേത്രത്തിനു മുകളിൽ വരുമ്പോൾ ഒരു മാത്ര ഒന്ന് നിൽക്കുന്നുവോ? അതിന്റെ ഗതി ഒന്ന് മന്ദീഭവിയ്ക്കുന്നുവോ? ഒന്നല്ല എല്ലാ ഉപഗ്രഹങ്ങളും ഈ രീതിയിൽ പെരുമാറിയപ്പോൾ നാസയിലെ ശാസ്ത്രജ്ഞന്മാർ എന്തിനാണു തിരുനെല്ലാറിൽ എത്തിയത്? അവരെന്ത് പരീക്ഷ്ണനിരീക്ഷണങ്ങൾ ആണവിടെ നടത്തിയത്? അള്ട്രാവയലറ്റ് രശ്മികൾ തിരുനെല്ലാരിൽ, ഭൂമിയിലെ മറ്റ് സ്ഥലങ്ങളേയ്ക്കാൾ കൂടുതൽ സാന്ദ്രതയിൽ പതിയ്ക്കുന്നതെന്ത് കൊണ്ട്?

ഉപഗ്രഹങ്ങളുടെ ഗതിയിൽ വരുന്ന മന്ദത ഒരു ശാസ്ത്രീയ പ്രതിഭാസം മാത്രമാണ്. കൃത്യമായ വൃത്താകൃതി ഇല്ലാത്ത ഭൂമിയുടെ ചുറ്റും വൃത്താകൃതിയിൽ കറങ്ങേണ്ടി വരുന്ന ഉപഗ്രഹങ്ങൾക്ക് ഭൂമിയിൽ നിന്നും കൃത്യമായി ദൂരം കാത്ത്, ഒരേ ഭ്രമണപഥത്തിൽ നിൽക്കുവാൻ ചില സ്ഥലങ്ങളിൽ വച്ച് അല്പ്പം സ്പീഡ് കുറച്ച്, ദിശമാറി പോകേണ്ടതുണ്ട്. ഇത് ഭൂമിയുടെ പ്രതലത്തിനു മുകളിലായി മൂന്ന് സ്ഥലങ്ങളിൽ എങ്കിലും നടക്കണം. ഇതിലൊന്ന് പൊട്ടിയകന്ന വങ്കരകളേയും, സമുദ്രത്തെയും, പർവ്വതങ്ങളേയും സ്വയം വഹിച്ച് ചെയ്യുന്ന ഭൂമിയ്ക്ക് ഗുരുത്വാകർഷണ സംബന്ധിയായി വരുന്നത് തിരുനെല്ലാർ ആണെന്ന് മാത്രം.

ശാസ്ത്രം അവിടെ നിർത്താം. വിശ്വാസങ്ങളിൽ തിരുനെല്ലാരിൽ നിന്ന് നിലാവേൽക്കുന്നതും, സൂര്യകിരണങ്ങൾ ഏൽക്കുന്നതും, 30 മാസം കൂടുമ്പോൾ വരുന്ന "ശനിപെയാർച്ചി - ശനി പകർച്ച" ഉത്സവത്തിൽ പങ്കെടുത്താൽ ആയുരാരോഗ്യങ്ങൾ ലഭിയ്ക്കുമെന്നും, രോഗനിവാരണം വരുമെന്നും ഉറപ്പിയ്ക്കുന്നു.

ഞാൻ ചൂണ്ടിക്കാണിയ്ക്കുന്നത് ഇതൊന്നുമല്ല, ഒരുപഗ്രഹവും, ആധുനികസൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്, ഈ സ്ഥലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തിരിച്ചറിഞ്ഞ്, അവിടെ ശനീശ്വരൻ ക്ഷേത്രം നിർമ്മിച്ച ആ വൈഭവത്തെ നമ്മൾ ആദരിയ്ക്കെണ്ടേ?


അവർക്കുണ്ടായിരുന്ന ആ അപാരമായ അറിവുകൾ, കഴിവുകൾ, സാങ്കേതികവിദ്യകൾ, ഉപകരണങ്ങൾ നമുക്ക് പകർന്ന് കിട്ടാതെ പോയതിൽ നമ്മൾ ദു:ഖിയ്ക്കേണ്ടേ?

തങ്ങൾക്ക് എക്ടോപ്ലാസത്തിലെ ശാരീരിക അശുദ്ധി മൂലം വഴങ്ങാതെ പോയ അവ നശിപ്പിയ്ക്കപ്പെട്ടതിൽ, അതിലൂടെ ദ്രാവിഡവംശത്തിന്റെ, ഭാരതത്തിന്റെ ഉന്നമനത്തെ തടഞ്ഞതിൽ മതമേലളന്മാർക്കുള്ള പങ്കിൽ അഭിമാനിയ്ക്കണോ? മനുഷ്യൻ ജയിച്ചു, ശാസ്ത്രം തോറ്റു! അതിൽ ലജ്ജിയ്ക്കണോ?

ആത്മീയത ശാസ്ത്രീയമാകുമ്പോൾ അത് മനുഷ്യരാശിയ്ക്ക് ഉപകാരപ്രദവും, അല്ലാത്തപ്പോൾ ചൂഷണത്തിനുള്ള ഉപാധിയും ആകുന്നു.

"സുഖമൊരുനാൾ വരും വിരുന്നുകാരൻ 
ദു:ഖമോ പിരിയാത്ത സ്വന്തക്കാരൻ"

അപ്പോൾ ശനിദേവത തന്നെ എനിയ്ക്ക് പരദേവത; ആകയാൽ ശനീശ്വരൻ എല്ലാവരേയും അനുഗ്രഹിയ്ക്കട്ടെ!

ആഴ്ച്ചകൾ - പൗരസ്ത്യവും, പാശ്ചാത്യവും

സൂര്യൻ പ്രാപഞ്ചിക ചലനത്തിൽ വ്യതിചലിയ്ക്കുന്ന സ്ഥാനങ്ങളെ ആപേക്ഷികമായി സ്ഥിരമായി സങ്കൽപ്പിച്ച്, അഥവാ 12 രാശികളാകുന്ന വഴികളിലൂടെയുള്ള യാത്രകളായി സങ്കൽപ്പിച്ചുള്ള പൌരസ്ത്യ ജ്യോതിശാസ്ത്രവും, തന്മൂലം പടിഞ്ഞാറു നിന്നും കിഴക്കോട്ടുള്ള ഭൂമിയുടെ ഭ്രമണവും, അതിലൂടെയുള്ള വാർഷിക, മാസ, ആഴ്ച്ച, ദിവസ, മണിയ്ക്കൂർ അളവുകളും അല്പ്പം പോലും വ്യത്യാസമില്ലാതെ ഭൂമി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് ഭ്രമണം ചെയ്യുന്നതെന്ന സങ്കൽപ്പത്തിൽ നിർമ്മിച്ച പാശ്ചാത്യ ജ്യോതിശാസ്ത്രവും അവതരിപ്പിയ്ക്കുന്നു. ബി.സി. 10,000 നു മുമ്പേ തന്നെ പൗരസ്ത്യരും കുറഞ്ഞത് ബി.സി. 1000 ൽ എങ്കിലും പാശ്ചാത്യരും ഒരേ വഴിയിൽ വിപരീത ദിശകളിൽ സഞ്ചരിച്ച് തുടങ്ങി.

രവി - ഞായർ - സൺ - എന്ന സൂര്യൻറ്റെ ദിവസം 

സോമ - തിങ്കൾ - മൂൺ - എന്ന ചന്ദ്രൻറ്റെ ദിവസം

മംഗൾ - ചൊവ്വ - ട്യൂസ്സ് - എന്ന ചൊവ്വയുടെ ദിവസം

ബുധ - ബുധൻ - വോഡൻ - എന്ന ബുധൻറ്റെ ദിവസം

ഗുരു - വ്യാഴം - തർസ്സ് - എന്ന വ്യാഴൻറ്റെ (ബ്രഹസ്പതി) ദിവസം

ശുക്ര - വെള്ളി - ഫ്രൈ - എന്ന ശുക്രൻറ്റെ ദിവസം

ശനി - ശനി - സാറ്റേർൺ - എന്ന ശനിയുടെ ദിവസം


ഇനി നമുക്ക് ട്യൂസ്സ്, വെഡ്നെസ്സ്, തർസ്സ്, ഫ്രൈ എന്നിവയെ വിശദമായി ഒന്ന് പരിശോധിയ്ക്കാം, ഇവയൊക്കെ ഗ്രീക്കോ ലാറ്റിനോ ആകയാൽ ഇംഗ്ലീഷിൽ അത് തന്നെ ആണോ എന്നറിയേണ്ടേ?

ട്യൂസ്സ് - ടിവിസ് - ജർമ്മൻ നിയമ യുദ്ധകാര്യ ദേവത ടിവാസ്സ് , ടൈർ, നോർസ്സ്; ലാറ്റിനിലും ഗ്രീക്കിലും ഈ ദേവൻ മാർസ് ആണ്, അപ്പോൾ നമ്മുടെ കല്യാണം മുടക്കി ചൊവ്വ തന്നെ. 

വോഡൻ എന്നാ ജർമ്മൻ ദേവനറ്റെ ദിനം.... വോഡൻസ്സ് ഡേ.... ഈ ജര്മ്മൻ ദേവൻ ജൂലിയൻ കാലഘട്ടത്തിൽ മെർക്കുറി എന്ന ധന, വ്യാപാര, വ്യവസായ, ദേവൻ ആണെന്ന് നിജപ്പെടുത്തി. അതായത് നമ്മുടെ ആദ്യഗ്രഹം ബുധൻ തന്നെ.

തർസ്സ് - സംശയം വേണ്ട ഗ്രീക്ക് ദേവൻ തോർ അഥവാ ജൂപ്പിറ്റർ തന്നെ ആ ദിവസത്തിനുടമ. ആകാശത്തിനും ഇടിമിന്നലിനും ഉടമയായ ആ ദേവൻ നമ്മുടെ ഇന്ദ്രനോളം വരും എങ്കിലും, ജൂപ്പിറ്റർ ആകയാൽ ബ്രഹാസ്പതിയും, ദേവഗുരുവും, വ്യാഴനും ആകുന്നു. അപ്പോൾ വ്യാഴാഴ്ച്ചയും ശരിയായി.

ഇനി ഫ്രൈ - പുത്രൻ അടുത്തിരുന്നു പറയുന്നു.. പൊരിച്ചത് മാത്രം കഴിയ്ക്കേണ്ട ദിവസമാണെന്ന്!

ഫ്രിജ്ജ് എന്ന ദേവനറ്റെ ദിനം.. ആൾ ചില്ലറ പുള്ളീയൊന്നുമല്ല ... നമ്മുടെ ഗ്രീക്ക് ദേവത ... പ്രേമത്തിൻറ്റെ, സൗന്ദര്യത്തിൻറ്റെ, രതിയുടെ, വിളവിൻറ്റെ , ഐശ്വര്യത്തിൻറ്റെ, കാമനകളുടെ ദേവത.. നമ്മുടെ ശുക്രൻ, വെള്ളിയാൽ തീർത്ത തേജോമയഗോളം .... വെള്ളിയാഴ്ച്ച തന്നെ.

ചുരുക്കിപ്പറഞ്ഞാൽ ഭൂമിയ്ക്ക് ചുറ്റുമുള്ള ഒരു നക്ഷത്രം, ഒരു ഉപഗ്രഹം, പിന്നെ 5 ഗ്രഹങ്ങൾ, യുറാനസ്സും ഗയ്യയും ആണെല്ലാ ഗ്രഹങ്ങൾക്കും മാതാ പിതാക്കളെങ്കിലും അവരെ പോലും ജ്യോതിശാസ്ത്രത്തിൽ ഗ്രീക്കുകാർ പോലും അടുപ്പിച്ചിട്ടില്ല. പൌരസ്ത്യ ശാസ്ത്ര സംഹിതകൾ തന്നെയാണാധാരം, പിന്നെ അഹന്തയാൽ കിഴക്ക് പടിഞ്ഞാറാക്കി എന്ന മാത്രം; ഈ പോക്ക് പോയാൽ ഗ്രീസിൽ തുടങ്ങുന്ന കഷ്ടകാലം നമ്മുടെ തെങ്ങ് കയറാൻ വന്ന് നില്ക്കുന്ന സായിപ്പിൽ അവസാനിയ്ക്കുമോ? അന്ന് സായിപ്പ് മലയാളം പഠിയ്ക്കുമോ? അതോ നമ്മൾ കരിക്കിന് " യൂ കട്ട് ഒണ്‍ലി ടെണ്ടർ കോക്കനട്ട് " എന്ന് അപ്പൂപ്പനെ കൊണ്ട് പറയിയ്ക്കേണ്ടി വരുമോ?

ഗ്രീക്കിനു സ്വസ്തി!

അദ്വൈതവും വയലാറും (Adwaitha and Vayalar)

വയലാർ രാമവർമ്മ, ഒരു കമ്മ്യൂണിസ്റ്റ് കവി, സൈദ്ധാന്തികൻ, അതിനാൽ തന്നെ നാസ്തികൻ; എങ്കിലും തൊഴിൽ പരമായ സമ്മർദ്ദത്തിൽ അനേകം ഭക്തിഗാനങ്ങൾ രചിച്ചിട്ടുണ്ട്. എന്നാലും കിട്ടുന്ന അവസരങ്ങളിലൊക്കെ മതവിശ്വാസങ്ങളെ ഇകഴ്ത്തിയും, ശാസ്ത്രത്തെ പുകഴ്ത്തിയും എഴുതിയിരുന്നു.



എന്നാൽ അദ്വൈതവും, ഏകദൈവ സിദ്ധാന്തവും അദ്ദേഹത്തിൽ വളരെ അധികം സ്വാധീനം ചെലുത്തിയിരുന്നു. അതിൻ റ്റെ പൊരുൾ വളരെ ആഴ്ത്തിൽ അദ്ദേഹം ഗ്രഹിച്ചിരുന്നു.

അതിനുദാഹരണമാണീ ഗാനം, 1971 ലിറങ്ങിയ ലൈൻബസ്സ് എന്ന ചിത്രത്തിലെ:

അദ്വൈതം ജനിച്ച നാട്ടിൽ 
ആദിശങ്കരൻ ജനിച്ച നാട്ടിൽ
ആയിരം ജാതികൾ ആയിരം മതങ്ങൾ 
ആയിരം ദൈവങ്ങൾ

മതങ്ങൾ ജനിയ്ക്കും മതങ്ങൾ മരിയ്ക്കും 
മനുഷ്യനൊന്നേ വഴിയുള്ളൂ
നിത്യ സ്നേഹം തെളിയ്ക്കുന്ന വീഥി
സത്യാന്വേഷണ വീഥി
യുഗങ്ങൾ രക്തം ചിന്തിയ വീഥി 

പ്രപഞ്ചം മുഴുവൻ വെളിച്ചം നൽകാൻ 
പകലിനൊന്നേ വിളക്കുള്ളൂ
ലക്ഷം നക്ഷത്ര ദീപങ്ങൾ കൊളുത്തി 
സ്വപ്നം കാണുന്നു രാത്രി
വെളിച്ചം സ്വപ്നം കാണുന്നു രാത്രി

നമ്മെ ഉൾക്കൊള്ളുന്ന, നാം ഉൾപ്പെടുന്ന പ്രപഞ്ചം തന്നെയായ ദൈവത്തിനെ മറന്ന്, 33 കോടി ദൈവങ്ങളെ തേടുമ്പോൾ; പ്രകാശം ലഭിയ്ക്കാൻ പകലോനെ ആശ്രയിയ്ക്കാതെ, രാത്രിയിൽ അനേകം നക്ഷത്രങ്ങളെ നോക്കി സ്വപ്നം കാണുന്ന അവസ്ഥ. 

ശ്രീശങ്കരൻ പറഞ്ഞ കടിച്ചാൽ പൊട്ടാത്ത തത്വം, പേനയിൽ തേനായി മാറുന്ന മാന്ത്രികത, അതാണു അകാലത്തിൽ പൊലിഞ്ഞ വയലറിൻറ്റെ സർഗ്ഗ പ്രതിഭ!

Saturday, 13 February 2016

ഗീതാസാരം (Essence of Geeta)

ഭഗവത്ഗീത മുഴുവൻ ആരും മിനക്കെട്ടു വായിക്കാറൊന്നുമില്ല, "ഗീതാസാരം" എന്ന പേരിൽ ഭിത്തിയിൽ ഒട്ടിയ്ക്കാൻ പാകത്തിൽ ചിലർ പടച്ചു വിടുന്ന, ഗീതയിൽ ഒരിടത്തും പറഞ്ഞിട്ടില്ലാത്ത വാക്യങ്ങൾ ആണു മാധ്യമങ്ങളിലും, സിനിമയിലും ഒക്കെ ഗീതയെ പ്രതിനിധീകരിയ്ക്കുന്നത്.


ഉദാഹരണത്തിനു " സംഭവിച്ചതെല്ലാം നല്ലത്, സംഭവിയ്ക്കുന്നതും നല്ലത്, ഇനി സംഭവിയ്ക്കാൻ പോകുന്നതും നല്ലത്" ഗീതയിൽ എവിടാണാവോ ഇതു പറഞ്ഞിരിയ്ക്കുന്നത്? 

ശ്രീകൃഷണൻ ദൈവമോ, ഗുരുവോ ആരുമാവട്ടേ, അദ്ദേഹം പറഞ്ഞതു പോലെ അങ്ങ് പറഞ്ഞാലെന്താ കുഴപ്പം.അപ്പോൾ അവിടേയും ഒരുതരം തരം താഴ്ത്തൽ, അപമാനിയ്ക്കൽ ഉണ്ട്; ഇവനൊന്നും ഇതു മനസ്സിലാക്കാനുള്ള ത്രാണിയില്ല, ഞങ്ങൾ ബുദ്ധിമാന്മാർ ചവച്ചു തുപ്പാം, നിങ്ങൾ പെറുക്കിയെടുത്തു വിഴുങ്ങിയ്ക്കോ? പദാനുപദ തർജ്ജിമ സംസ്കൃതത്തിൻറ്റെ അതു മതി, വായിക്കുന്നവൻ അവൻറ്റെ യുക്തിയ്ക്കനുസരിച്ചു വ്യാഖ്യാനിച്ചോളും, ചിലപ്പോൾ അതു നിങ്ങളുടെ പ്രിമിതികൾക്കും ആയിരം മടങ്ങു മേലേ ആയേയ്ക്കാം. ഇതു രണ്ട് വര വരച്ച്, അതിനിടയിലൂടെ നടക്കാൻ പറയുന്നതു പോലെ,അവനവൻറ്റെ പരിമിതികളിൽ നിന്നും, ചില പുട്ടും പീരയുമിട്ടുള്ള വ്യാഖ്യാനങ്ങൾ, ഇതാണു ഗീതയെ പലരിൽ നിന്നുമകത്തിയത്. 



ഒരുവൻ എല്ലാം ഉണ്ടെങ്കിലും തൊഴിൽ, പ്രവർത്തി ചെയ്യേണ്ടതിൻറ്റെ ആവശ്യകതയെ പറ്റി 

"ന മേ പാർഥസ്തി കർതവ്യം ത്രിഷു ലോകേഷു കിഞ്ചന
നാനവാപ്തമവാപ്തവ്യം വർത ഏവ ച കർമ്മണി"

സന്യാസി വൈരാഗി ആണോ? അവർക്കും ആശയില്ലേ, മോക്ഷം നേടുക എന്നതു ഒരു ആശ തന്നെയല്ലേ?

(ശ്രീ ശങ്കരൻ ഇതൽപ്പം കൂടി കടുപ്പിച്ച്, ജഡലി മുണ്ടീ....ഉദരനിമിത്തം ബഹുകൃതവേഷാ, എന്നാക്കി.

"യം സന്യാസമിതി പ്രാഹുർയോഗം തം വിദ്ധി പാണ്ഡവ
ന ഹ്യസമ്ന്യസ്തസങ്കൽപ്പോ യോഗീ ഭവതി കശ്ചന"

ബ്രഹ്മ സങ്കൽപ്പത്തിൽ എല്ലാം ഒരു ദൈവം ആണ് (ചിത്രം നോക്കുക, അർജ്ജുനനും, ശ്രീ.കൃഷണനും അവിടെ വിശ്വരൂപത്തിൽ ഉണ്ട്; സനാതന ധർമ്മത്തിൽ പറയുന്ന എല്ലാം ദൈവത്തിലാണു സ്ഥിതി ചെയ്യുന്നത് എന്ന തത്വം,ഗുരു ഇതു നീയല്ലോ സൃഷ്ടിയും, സൃഷ്ടാവും, സൃഷ്ടിജാലവും,എന്നു പറഞ്ഞു)

"യേപ് അന്യദേവതാ ഭക്താ യജന്തേ ശ്രദ്ധയാന്വിതാ:
തേ പി മാമേവ കൗന്തേയ യജന്ത്യവിധിപൂർവ്വകം"

ഹിന്ദു മതം നേരേ തലതിരിച്ച് ദൈവം നമ്മളിലാണ് എന്നു പറയുന്നു. ഗുരുവും നീയല്ലോ സൃഷ്ടിയ്ക്കുള്ള സാമഗ്രിയായതും എന്നു പറയുന്നു. ബ്രഹ്മ - ആത്മ അതിർവരമ്പ് ഇങ്ങനെ പൊട്ടിപ്പോകുമ്പോൾ, വിശാല സങ്കൽപ്പങ്ങളും, ചെറിയ ആശയക്കുഴപ്പവും ഉണ്ടായേയ്ക്കാം.

"സമോ ഹം സർവ്വഭൂതേഷു ന മേ ദ്വേഷ്യോ സ്തി ന പ്രിയ:
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം"

ഏറ്റവും അധികം വിമർശ്ശനങ്ങൾ ഉണ്ടാക്കിയ, ദുരുപയോഗം ചെയ്യപ്പെട്ട, ഒരു പക്ഷേ ആദിമ സമുദായത്തിനുണ്ടായ എല്ലാ അധ:പതനങ്ങൾക്കും കാരണമായ ആ വരികളിലേയ്ക്ക്.

" ബ്രാഹ്മനക്ഷത്രിയവിശാം ശൂദ്രാണാം ച പരന്തപ
കർമ്മാണി പ്രവിഭക്താനി സ്വഭാവപ്രഭ വൈര്ഗുണൈ:

വ്യാഖ്യാനിയക്കേണ്ട എന്നു മറ്റുള്ളവരോട് പറഞ്ഞ ഞാൻ ഇവിടെ അതേ തെറ്റ് ചെയ്യുന്നു, ക്ഷമിയ്ക്കുക

വർണ്ണ്യം എന്നാണു മറ്റൊരിടത്ത് പറഞ്ഞത് ( ചാതുർ വർണ്ണ്യം മയാ സൃഷ്ടം ഗുണ കർമ്മ വിഭാഗശ: , തസ്യ കർതാരമപി മാം കർതാരമവ്യയം), അതു വർണ്ണം (നിറം) എന്നാക്കിമാറ്റി ചൂഷകർ. നിറവുമായി ഒരു കാര്യവുമില്ലതിൽ, ഗുണങ്ങളെപ്പറ്റി പറയുന്നു മോക്ഷസന്യാസയോഗം 37,38,39 ൽ. 

സത്വഗുണം - ശുദ്ധി, അറിവ്.

രജോഗുണം - പ്രവർത്തി, സ്നേഹം

തമോഗുണം - തുടർച്ച, സ്ഥിരത

ഈ ഗുണങ്ങളെ അടിസ്ഥാനപ്പെടുത്തി ബ്രാഹ്മണൻ, ക്ഷത്രിയൻ, വൈശ്യൻ, ശൂദ്രൻ എന്നിങ്ങനെ ജനങ്ങളെ വേർതിരിച്ചു. ചാതുർവണ്ണ്യത്തെ എതിർക്കുന്നവരേ, നിങ്ങളൊട് ഒരു ചോദ്യം. ഈ പറഞ്ഞ നാലിലും പെടാത്ത ഒരാളിനെ നിങ്ങൾക്ക് കാട്ടിത്തരാൻ കഴിയുമോ ?

ഭക്തി, ശുദ്ധി, അറിവ് എന്നിവ "വിധിപ്രകാരം" പ്രയോഗിയ്ക്കുന്നവൻ ബ്രാഹ്മണനാണ്. തച്ചുശാസ്ത്രം ശരിയായി ഗ്രഹിച്ച് മറ്റുള്ളവരെ ധരിപ്പിയ്ക്കുന്നവൻ, നിയന്ത്രിയ്ക്കുന്നവൻ ആയ ആശാരിയും ബ്രാഹ്മണനാണ്. ഭരണനൈപുണ്യവും ക്ഷാത്രവീര്യവും കാട്ടുന്നവൻ ക്ഷത്രിയനാണ്. കൃഷിയും, വ്യാപാരവും ചെയ്യുന്നവൻ വൈശ്യനും, സേവനമേഖലയിൽ, നിർദ്ദേശങ്ങൾ സ്വീകരിച്ചു പ്രവൃത്തിചെയ്യുന്നവൻ ശൂദ്രൻ. ഇവരെയെല്ലാമാണു നമ്മൾ ചുറ്റിനും കാണുന്നത്. ജനിച്ച കുലമല്ല ഒരുവനിലെ ഗുണമാണവൻറ്റെ വർണ്ണ്യം തീരുമാനിയ്ക്കുക; നമ്മൾ എഞ്ചിനീയറിംഗിൽ സിവിൽ, മെക്കനിയ്ക്കൽ, ഇലക്ടിക്കൽ എന്നിങ്ങനെ ട്രേഡ്ഡ് എടുക്കുന്നതു പോലെ.

പുസ്തകം കൈയ്യിൽ ഇരുന്ന, വർണ്ണ്യത്തെ വർണ്ണമെന്ന കപ്പക്കഷണമാക്കിയവർ, പഴയ ചങ്ങാതി മനു കൊച്ചാട്ടൻറ്റെ അടിച്ചിലും, വില്ലും കൂട്ടിയോജിപ്പിച്ച്,പുസ്തകം പറഞ്ഞു മാത്രം കേട്ടവനായി, ഒരു അസ്സൽ എലിവില്ല് ഉണ്ടാക്കി. നായർ പാവമായതിനാൽ മറുചൊദ്യം ചോദിയ്ക്കാതെ റാൻ മൂളി. എന്നാൽ അന്നു അറിവും, വീര്യവും, ധൈര്യവും ഉള്ള ഈഴവൻ പ്രശ്നമായി നിന്നു.സംസ്കൃതം പഠിപ്പിച്ചാൽ വ്യഖ്യാനങ്ങൾ പുതിയത് സൃഷ്ടിയ്ക്കും, പഠിപ്പിയ്ക്കാതെ വിട്ടാൽ കൊലെഴുത്തെന്ന പുതിയ ഭാഷ ഉണ്ടാക്കി വെല്ലുവിളിയ്ക്കും! പാപം എവിടെയോ ഒക്കെ പിടിച്ച നമ്പൂതിരിയുടെ ഒരു ദുർഗതി നോക്കണം, എല്ലാം ഒരു മാതിരി ശരിയാക്കി കൊണ്ടു വരുമ്പോൾ ഒന്നിനും അടുക്കാതെ എല്ലാം പൊളിച്ചടുക്കാൻ ഒരുവൻ, പിന്നെ അവനെ മനുഷ്യ കുലത്തിലേ പെടുത്താതിരിയ്ക്കുക എന്നതേ വഴിയുണ്ടായിരുന്നു, കൂട്ടത്തിൽ അവൻറ്റെ ശിങ്കിടികളേയും.

ഇപ്പോൾ കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഭാഷ എഴുതാൻ അറിയാവുന്നവർ ആണ്ഡ്രോയിഡ്ഡിലും മറ്റും "ആപ്പ്സ്സ്" ഉണ്ടാക്കുന്നതു പോലെ, പണ്ടും അക്ഷരം എഴുതാൻ അറിയാവുന്നവർ "ആപ്പ്" ഉണ്ടാക്കി കിട്ടിയ വിടവുകളിൽ ഒക്കെ ( ഇതിൽ ഭഗവത്ഗീത പൊലെയുള്ളവയും രക്ഷപ്പെട്ടില്ല) അടിച്ചു കയറ്റിയതിൻറ്റെ ഫലമായി ഹൈന്ദവ സമുദായാംഗങ്ങൾ പ്രസ്പരം അകന്നു പോയി.

ശ്രീനാരായണ ഗുരുവിൻറ്റെ മഹത്വം ഇവിടെയാണ്; സംസ്കൃതം പഠിച്ച്, അവൻറ്റെ മടയിൽ ചെന്ന് അവനെ ആക്രമിച്ച് സപ്തനാടിയും തളർത്തി. ഒടുവിൽ സനാതനധർമ്മത്തിൻറ്റെ യഥാർത്ഥ പൊരുളിനൊപ്പം ഇനി ജാതി, മത വ്യത്യാസം വേണ്ട എന്നു കരുതി പ്രസിദ്ധം ചെയ്തെങ്കിലും, ഗുരുവിന്റെ പിൻഗാമികൾ ആദിമ ഗോത്രങ്ങളായ ഹരിജന, ഗിരിജന, വിശ്വകർമ്മ, ആദിവാസി ഗോത്രങ്ങൾക്ക് അയിത്തം കൽപ്പിച്ചകത്തി നിർത്തി.

സംഗതി കാടു കയറി, വിട്ടു കള! ഭഗവത് ഗിത വായിയ്ക്കുന്നതു കൊണ്ട് ഒരു കുറവും ആർക്കും സംഭവിയ്ക്കില്ല, പകരം മനസ്സിരുത്തി വായിച്ചാൽ ജീവിത സങ്കടങ്ങളെ നേരിടാൻ ചില ആശയങ്ങളെങ്കിലും കിട്ടും എന്ന് വാതു വയ്ക്കാൻ ഞാൻ തയ്യാറാണ്!

എന്താണു മതം? (Definition of religion)

മനുഷ്യരാശികൾ ആയ കരിയിലകൾ, അതിൻറ്റെ നിലനിൽപ്പിനും, പുരോഗതിയ്ക്കുമായുള്ള പ്രയാണത്തിനിടയിൽ, വിവിധ രൂപത്തിലുള്ള പ്രതിസന്ധികളായ കൊടുങ്കാറ്റുകളെ നേരിടേണ്ടി വരുമ്പോൾ, അവ വിവിധ ദിശകളിലേയ്ക്ക് ചിതറി പോകാതിരിയ്ക്കാൻ എടുത്തു വച്ച ഒരു ഭാരമുള്ള കല്ലാണു മതം.

ആദിമതം, പ്രപഞ്ചത്തിൻറ്റെ മതമായ സനാതനധർമ്മം തന്നെയാണ്.അത് ആരും സൃഷ്ടിച്ചതല്ല. പിറന്നു വീണ പശുക്കുട്ടിയ്ക്ക് അതിന് കുടിയ്ക്കുവനുള്ള പാല് അമ്മപ്പശുവിൻ റ്റെ പിൻ കാലുകളുടെ ഇടയിലായി കരുതി വച്ചിട്ടുണ്ടെന്ന ബോധം ആരാണോ നൽകിയത്?. 

നാട്ടുമ്പുറങ്ങളിലെ തോട്ടുവക്കത്തെ ചരിവുകളിൽ കുഴിയുണ്ടാക്കി മുട്ടയിടുന്ന പൊന്മാൻ എന്ന പക്ഷി,മഴക്കാലമെത്താറാകുമ്പോൾ അതിൻറ്റെ മുട്ടകൾ, താഴ്ന്ന നിരപ്പിൽ നിന്നും ഉയർന്ന നിരപ്പിലെ പുതിയ കുഴികളിലേയ്ക്ക് മാറ്റി വയ്ക്കുന്നത് കാണുവാൻ സാധിയ്ക്കും; മഴക്കാലത്തെ വെള്ളപ്പൊക്കം വരുമ്പോൾ, ആ പക്ഷി കൊണ്ട് വച്ച നിരപ്പിനു താഴെ മാത്രം ആയി ജലനിരപ്പ് നിൽക്കുന്നതും കാണാം. എഞ്ചിനീയറിംഗ് കോളേജിൽ പോയിട്ടില്ലാത്ത, ഹൈഡ്രോളജിയും, ഇറിഗേഷനും, റെയിൻഫാളും, പെർകൊലേഷനും, ഇൻറ്റെർസെപ്ഷനും, സർഫസ്സ്റണ്ണോഫും പഠിച്ചിട്ടില്ലാത്ത, ആ പൊന്മാനിൽ പോലും, ഈ അറിവുകൾ നിറച്ച ആ ഈശ്വരനാൽ ബോധതലങ്ങളിൽ നിറച്ചു വയ്ക്കപ്പെട്ട പ്രാപഞ്ചിക ജീവിത രീതി അതാണു സനാതനധർമ്മം.

അതിൽ നിന്നും പലരും പലതും സൃഷ്ടിച്ചു, അവരവരുടെ മനോധർമ്മം പോലെ അലങ്കരിച്ചു. മതമായാൽ ഒരു ഗ്രന്ഥവും, വിഗ്രഹം ഉള്ളതോ ഇല്ലാത്തതുമായ ദൈവവും, കുറേ നിബന്ധനകളും ഒക്കെ വേണമെന്ന് ആരാണു പറഞ്ഞത്? പറഞ്ഞവർ ഒക്കെ തൽപ്പരകക്ഷികളും, ചൂഷകരും ആണെന്ന് സാമാന്യബോധമുള്ളവർക്ക് മനസ്സിലാകാവുന്നതേയുള്ളൂ.

കലിംഗയുദ്ധത്തിനു ശേഷമാണു ബുദ്ധമതത്തിനു ഒരു മേൽക്കോയ്മ ലഭിയ്ക്കുന്നത്, ഇതിനു പ്രധാനകാരണം ചക്രവർത്തി അശോകൻ റ്റെ നിലപടുകളാണ്, മകൾ സംഗമിത്രയാണു ദക്ഷിണ ഇന്ത്യയിലും, ശ്രീലങ്കയിലും ഒക്കെ ബുദ്ധമതപ്രചരണത്തിനു ചുക്കാൻ പിടിച്ചത്. എന്നാൽ ചന്ദ്രഗുപ്തമൗര്യൻറ്റെയും, നമ്മൾ വിക്രമാദിത്യൻ എന്നു വിളിയ്ക്കുന്ന ചന്ദ്രഗുപ്തൻ രണ്ടാമൻറ്റേയും കാലത്ത് നമ്മൾ സനാതന ധർമ്മ വിശ്വാസികളായിരുന്നു, മറ്റുള്ളവർ അത് ആര്യമതവുമായി സങ്കലനം ചെയ്ത് അലങ്കരിച്ച രൂപമായ ഹിന്ദുമതത്തിൻറ്റേയും.

സനാതന ധർമ്മത്തിൽ നിന്നും ഉണ്ടായവ തന്നെയാണു ബുദ്ധമതവും, ജൈനമതവും, സിക്കു മതവും, മുഹമ്മദ് സ്ഥാപിയ്ക്കാൻ ശ്രമിച്ച ഇസ്ലാം മതം ഹിന്ദു മതത്തേക്കാൾ സനതനധർമ്മത്തോട് അടുത്ത് നിന്നിരുന്നു എന്ന സത്യം പറഞ്ഞാൽ വഴക്കിനു വരരുത് ( സർവ്വശക്തനായ ഈശ്വരൻ ഭൂമി പോലുള്ള ഒരു മൂന്നംകിട ഗ്രഹത്തിൽ വന്ന് റോഡ്ഡ് ഷോ കാണിച്ച് ആളാകാൻ നോക്കില്ല എന്നും പ്രപഞ്ചത്തിൻ റ്റേയും, ദൈവത്തിൻ റ്റേയും വലിപ്പം സങ്കൽപ്പിയ്ക്കാവുന്നതിനും അപ്പുറമാണെന്നും മുഹമ്മദ് പറയുമ്പോൾ സനാതനധർമ്മ ധ്ർമ്മത്തോട് അദ്ദേഹം എത്ര അടുത്തു നിൽക്കുന്നു എന്നറിയുക,അദ്ദേഹത്തിനു ശേഷം വന്നവർ അതിനെ ഭീകരതയുടെ മുഖം നൽകിയതിനും, സത്യമായതിനെ മൂടി വയ്ക്കാൻ ശ്രമിയ്ക്കുന്നതിലും അദ്ദേഹത്തിനു പങ്കുണ്ടോ?.

കൃസ്തുമതവും സനാതനധർമ്മത്തിൽ നിന്നാണു- ണ്ടായതെങ്കിലും, ഇതു ഹിന്ദു മതത്തിൻറ്റെ ദിശയിലാണു നിന്നത് ("ആദിയിൽ വചനവുണ്ടായിരുന്നു, വചനം ദൈവത്തിനോ-ടൊപ്പമായിരുന്നു :- കൃസ്തുമതം" - പ്രപഞ്ചോത്പത്തിയിൽ പ്രളയത്തിൽ ആലിലയിൽ ഒഴുകിവന്ന വിഷ്ണു, പ്രണവമന്ത്രമായ "ഓം" ഈശ്വരനിൽ നിന്നും കേട്ടു, ബോധം ബോധതലത്തിൽ ലയിച്ച് ഈശ്വരരൂപം പ്രാപിയ്ക്കുന്നു :- ഹിന്ദുമതം".

എല്ലാം തനിയ്ക്കറിയാമെന്നും തനിയ്ക്കറി-യാത്തതെല്ലാം ഇല്ലാത്തതാണെന്നും ഉള്ള വാദം നാസ്തികമാണ്. പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദൈവത്തെ, ബുദ്ധൻ മഹാതത്വം എന്നും, ഹിന്ദുവിൽ ശാക്തേയർ മഹാശക്തി എന്നും, വൈഷ്ണവർ മഹാവിഷ്ണുവെന്നും, ശൈവർ അപരബ്രഹ്മമെന്നും, ഐസക്ക് ന്യൂട്ടൺ ഈതർ എന്നും, ഇന്നത്തെ ക്വാണ്ടം തിയറി യൂണിവേർസ്സൽ മീഡിയം എന്നും പറഞ്ഞാലും ചിലർ അംഗീകരിയ്ക്കാൻ തയ്യാറല്ല. 

പ്രപഞ്ചസംഗീതമായ "ഓം", ഈ മഹാ വിദ്വാന്മാർ അംഗീകരിയ്ക്കുന്നില്ല, കാരണം പ്രപഞ്ചത്തിൻറ്റെ 99.99% വാക്വമാണത്രേ! പ്രപഞ്ചത്തിൽ എവിടേയും നിറഞ്ഞു നിൽക്കുന്ന താമസ്സശക്തിയെ പറ്റി ഇവർക്ക് ഒന്നുമറിയില്ല; ഇരുട്ട് എവിടേയും നിന്നും സൃഷ്ടിയ്ക്കപ്പെടുന്നില്ല, അതവിടെ എവിടേയും നിലനിൽക്കുന്നു, മേൽപ്പറഞ്ഞവാക്വത്തിലും. പ്രകാശമാണു സൃഷ്ടിയ്ക്കപ്പെടുന്നത്, ഒരു വിളക്കു തെളിയിയ്ക്കുമ്പോൾ, പ്രഭാസ്രോതസ്സുകൾ പ്രത്യ്ക്ഷപ്പെടുമ്പോഴും, അനാവരണം ചെയ്യപ്പെടുമ്പോഴും. 

ഒരു വാക്വം റ്റ്യൂബിലും പ്രകാശം നിഷേധിച്ചാൽ ഇരുട്ടിൻറ്റെ സാന്നിധ്യം കാണാനൊക്കും.സൂര്യനും ഭൂമിയ്ക്കുമിടയിലും ഈ പറഞ്ഞ വാക്വമുണ്ട്, എന്നാലും വെയിലിൽ ഇറങ്ങി നിന്നാൽ പ്രകാശം മാത്രമല്ല, താപം എന്ന ശക്തിയും നമ്മൾക്ക് അനുഭവപ്പെടുന്നു. പ്രകാശവും,താപവും, ശബ്ദവും ശക്തീയഗുണങ്ങളാണെന്നു പറയുന്നവർ തന്നെ, താപപ്രസരണത്തിനു ഒരു മാധ്യമം കൂടിയേ കഴിയൂ എന്നു പറയുന്നവർ തന്നെ, സൂര്യനും ഭൂമിയ്ക്കുമിടയിൽ കുറച്ചുയരത്തിലെത്തിയാൽ പിന്നെ വാക്വം എന്ന ശൂന്യത മാത്രമാണുള്ളതെന്നു പറയുന്നവർ, സൂര്യനിൽ നിന്നും ആ ശൂന്യതയിലൂടെ പ്രകാശശക്തിയും, താപശക്തിയും പ്രസരണം ചെയ്യപ്പെടും എന്നും, ശബ്ദം മാത്രം സഞ്ചരിയ്ക്കില്ല എന്നും പറയുമ്പോൾ, ആ ശബ്ദം പാവം "ഓം" ആയിപ്പോയി എന്നത് കൊണ്ട് മാത്രമുള്ള മുടന്തൻ ന്യായങ്ങൾ ആണെന്ന് നാം തിരിച്ചറിയണം.

എത്ര ദേവേന്ദ്രന്മാർ? (Indras of Veda)

വേദങ്ങളിൽ എത്ര ദേവേന്ദ്രന്മാർ ഉണ്ട് ? 

ഉത്തരം – 14

എന്നാൽ ആര്യ സംസ്ക്കാരത്തിൽ പലതും പദവികൾ ആയിരുന്നു എന്നു വേണം കരുതാൻ. 


ഉദാഹരണത്തിനു തീയ് ( അഗ്നി - അരണികടഞ്ഞ് തീയുണ്ടാക്കിയിരുന്നത് ദൈവിക, യാഗ, യജ്ഞ് ആവശ്യങ്ങൾക്ക് മാത്രമായിരുന്നു), ഗാർഹിക, വ്യാവസായിക ഉപയോഗങ്ങൾക്കുള്ള തീയ് സൃഷ്ടിയ്ക്കുവാനുള്ള വിദ്യയോ, അവകാശമോ നൽകപ്പെട്ട കുലത്തിൻറ്റെ അതാത് സമയത്ത് ജീവിച്ചിരുന്ന തലവനെ അഗ്നിദേവൻ എന്നും; ജലസംഭരണം, സംരക്ഷണം, വിതരണം എന്നിവ കൈകാര്യം ചെയ്തിരുന്ന കുലത്തിലെ അതാത് സമയത്ത് ജീവിച്ചിരുന്ന തലവനെ വരുണദേവൻ എന്നിങ്ങനെ വിളിച്ചിരുന്നതായാണു പൊതുവേ അനുമാനിയ്ക്കുന്നത്.

ഇപ്രകാരം ഇന്ദ്രൻ എന്നത് ആര്യന്മാരുടെ അതത് കാലത്തെ രാജാവിനെ വിളിച്ച് വന്ന സ്ഥാനപ്പേർ മാത്രമാണ്. മധ്യതരണ്യാഴിയുടെ തീരത്ത് ജീവിച്ചിരുന്ന കാലഘട്ടത്തിൽ, ആര്യന്മാർ നിരന്തരം അസുരന്മാർ ആക്രമിയ്ക്കപ്പെട്ടിരുന്നു. ഇക്കാലത്ത് പല ഇന്ദ്രന്മാരും ഭരിച്ചിട്ടും, ആര്യന്മാരാൽ കൊല്ലപ്പെട്ടിട്ടും ഉണ്ടാവണം. "The king is dead long live the king" ഈ വക പ്രയോഗങ്ങൾ ഇവിടെ വളരെ ശ്രദ്ധേയമാണ്; ഇത് നിലവിലെ രാജാവ് മരിച്ചിരിയ്ക്കുന്നു, എന്നാൽ രാജാവ് (പുതിയ ഒരാൾ) എന്നും ഉണ്ടാവും എന്നും വ്യാഖ്യാനിയ്ക്കാം (മരിച്ച രാജാവ് മനസ്സുകളിൽ അമരനാണെന്നാണു മറ്റൊരു വ്യാഖ്യാനം).

എന്തായാലും മധ്യതരണ്യാഴിയുടെ കരയിൽ പാർത്തിരുന്ന കാലത്ത് ഇന്ദ്രനു "പുരന്ധരൻ" എന്ന പേരുണ്ടായിരുന്നില്ല. അവിടെ നിന്നും പുറപ്പെട്ട് രണ്ടായി പിരിഞ്ഞ് റൊമേനിയ, ജർമ്മനി എന്നിവിടങ്ങളിലും,ഒരു വനിതയുടെ നേതൃത്വത്തിൽ റഷ്യയിലും കുടിയേറിയ ഇവരെ തുടക്കത്തിലെങ്കിലും ഒരിന്ദ്രൻ നയിച്ചിട്ടുണ്ടാവണം. സിന്ധിലേയ്ക്ക് പോന്നവരെ നയിച്ചിരുന്ന ഇന്ദ്രനാണു വരുന്ന വഴിയിലെ ജനതഥികളുടെ ആവാസകേന്ദ്രങ്ങളായിരുന്ന കോട്ടകൾ (പുരങ്ങൾ) സ്വബുദ്ധിയിലെ വിവിധ തന്ത്രങ്ങൾ ഉപയോഗിച്ച് തകർക്കുകയും "കോട്ടകൾ തകർക്കുന്നവൻ" എന്ന പേരിൽ പുരന്ധരൻ എന്ന കീർത്തി നേടിയത്. അതായത് ആ സമയത്ത് രണ്ട് ഇന്ദ്രന്മാർ രണ്ട് വഴിയ്ക്ക് സഞ്ചരിയ്ക്കുകയായിരുന്നു.

ഗോത്രവർഗ്ഗക്കാർക്കെതിരെയുള്ള യുദ്ധത്തിൽ തകർക്കപ്പെട്ട ആര്യന്മാർ, അവരുടെ തലവനായ ശിവനേയും, പിന്നീട് മദ്ധ്യ ഇന്ത്യയിലെ നദീതടത്ത് വൈഷ്ണവരാലും തോൽപ്പിയ്ക്കപ്പെട്ടതോടെ ഇന്ദ്രനു ഭൗതികമായ അന്ത്യമായി. പിന്നീട് അദ്ദേഹം സാങ്കൽപ്പികമായ ദേവലോകത്തെ ദേവരാജാവായി മാത്രം അറിയപ്പെട്ടു. വാസ്തവത്തിൽ മദ്ധ്യതരണ്യാഴിയുടെ തീരത്ത് വച്ച് തങ്ങൾ നന്മ നിറഞ്ഞ ദൈവങ്ങളും, തങ്ങളെ ആക്രമിയ്ക്കുന്നവർ തിന്മയുടെ പ്രതീകങ്ങൾ ആയ അസുരന്മാരും ആണെന്നും മറ്റാരും ഈ ഭൂമുഖത്തില്ലെന്നും അവർ വിശ്വസിച്ചിരുന്നു. എന്നാൽ പ്രയാണത്തിൻറ്റെ നാളുകളീൽ അവർക്ക് അത് തെറ്റാണെന്ന് മനസ്സിലായി, അസുരരല്ലാത്ത സാധു ജനങ്ങളെ അവർ കീഴടക്കിയ പുരങ്ങളിൽ അവർ കണ്ടെത്തി, അതോടെ ദേവന്മാർ, അസുരന്മാർ കൂടാതെ മനുഷ്യർ എന്നൊരു വിഭാഗം കൂടി കടന്നു വന്നു. 

പിന്നീട് തങ്ങളാൽ അധിക്ഷേപിയ്ക്കപ്പെട്ട ലിംഗപൂജയും, യോനീപൂജയും ഒക്കെ അംഗീകരിച്ച് വെറും മനുഷ്യരായ നാഗർക്കും, സാംബവർക്കും, ചേർമർക്കും വശംവദരായി, അവരുടെ സഹായത്തോടെ കഴിഞ്ഞ് കൂടിയപ്പോൾ, അവരുടെ പ്രകൃതിയിൽ നിന്നുള്ള സന്ദേശങ്ങൾ ഉൾക്കൊണ്ട് അറിവിൻറ്റെ പരമകോടിയിൽ നിൽക്കുന്ന ആ ജനവിഭാഗത്തിനു മുമ്പിൽ തങ്ങൾ അവരിലും സാധാരണക്കാരായ 33 കോടി ജനങ്ങൾ മാത്രമായിരുന്നു അല്ലാതെ 33 കോടി ദേവന്മാരൊന്നും അല്ല എന്ന് തിരിച്ചറിഞ്ഞു. ഇതാണിന്ദ്രൻറ്റെ അന്ത്യത്തിനു വഴി വച്ചത്.

പിന്നീട് പ്രകൃതത്തിനെ തകർക്കുകയാണു വേണ്ടതെന്നവർ പഠിച്ചു. മൃഗങ്ങളോടും, പക്ഷികളോടും, മീനുകളോടും ആശയവിനിമയ്മ് നടത്തുന്ന, തങ്ങൾക്ക് വഴങ്ങാത്ത ആ ഭാഷയിലും വലിയ ഭീഷണി അവർക്കുണ്ടായിരുന്നില്ല. അതിനാൽ അധികാരവർഗ്ഗങ്ങളോട് അടുത്തു കൂടി സംസ്കൃതം പ്രചരിപ്പിച്ച്, പ്രാകൃതം തകർത്ത് അവർ വളരെ സാവധാനം ആധിപത്യം നേടി. വരരുചിയുടെ ഒരു വെറും വാക്ക് കേട്ട്, ഒരു പെൺകുട്ടിയെ ജനിച്ച ഉടൻ കൊല്ലാൻ ഉത്തരവിട്ട രാജാക്കന്മാർ ഇതിനുദാഹരണമാണ്. പിന്നീട് സംസ്കൃതത്തിലെ കള്ളക്കഥകളിൽ മറ്റൊരു ലോകത്ത് നിന്ന് ശക്തികളാൽ ഭൂമിയിലെ കാര്യങ്ങൾ നിയന്ത്രിയ്ക്കുന്ന ഇന്ദ്രനെ സൃഷ്ടിച്ച് ഭയം നിറച്ചു. ഒരു മഴയെ, അതിൻറ്റെ ബാക്കിപത്രമായ പ്രളയത്തെ, ഇന്ദ്രൻറ്റെ പ്രതികാരമായി കരുതിയ വാസുദേവനായ കൃഷ്ണൻ എന്ന യാദവൻ തൻറ്റെ ജനതയെ ഇലകളാലോ മറ്റോ സൃഷ്ടിച്ച കുടകളോടെ, ഗോവർദ്ധനം എന്ന കുന്നിൻറ്റെ പ്രളയജലം ജലം എത്താൻ സാദ്ധ്യത ഇല്ലാത്ത ഉയരത്തിൽ കൊണ്ട് പാർപ്പിച്ചതും അങ്ങനെ ഇന്ദ്രൻ ഒരു പാഠം പഠിച്ചു എന്ന് സങ്കൽപ്പിച്ചതും ഇതിനാലാവണം.

എന്തായാലും വേദത്തിലെ ഇന്ദ്രനെ എണ്ണത്തിൽ അറിയാൻ, മന്വന്തരങ്ങളുടെ കഥയിൽ യുഗങ്ങളുടെ കണക്കുകൾ പരിഗണിച്ചാൽ

1 human year (in Hindu calendar) = 1 Deva Ahoratra for God (1 day and 1 night)

360 Deva Ahoratras = 1 Deva Vatsara

12,000 Deva Vatsara = 1 Chaturyuga ( നാലു യുഗങ്ങൾക്കും കൂടി ഒരിന്ദ്രൻ)

(12,000 Deva Vatsaras are defined as, 4,800 Deva Vatsaras of Krita yuga, 3,600 Deva Vatsaras of Treta Yuga, 2,400 Deva Vatsaras of Dvapara Yuga and 1,200 Deva Vatsaras of Kali Yuga which is 1,200 * 360 = 4,32,000 human years)

71 Chaturyugas = 1 Manvantaram (1 life span of Manu)- ഒരു ഇന്ദ്രൻ

14 Manvantaras = 1 kalpa (1 day of Brahma) - 14 ഇന്ദ്രന്മാർ ഇതുവരെ ( ആദിമനുവായ സ്വയംഭൂമനുവിൽ തുടങ്ങി 14 ആം മനുവായ ഇന്ദ്രസവർണ്ണീ മനുവാണിപ്പോൾ).

"കലാമമാരേ.. സത്യത്തിനും സ്വബോധത്തിനും പിന്നാലെയും പോകാം, മിത്തുകൾക്കും വക്രബുദ്ധികൾക്കും പിന്നലെയും പോകാം, എവിടെയാണോ യുക്തിവാദം ആസ്തികതയിൽ ലയിയ്ക്കുന്നത് അവിടെ സത്യമുണ്ട്"; ഇവിടെ ഗൗതമൻ എന്ന ബുദ്ധൻറ്റെ ഈ ഉപദേശത്തോടെ അവസാനിപ്പിയ്ക്കാം.

തമസ്സ് അത്ര മോശമായ ഗുണമല്ല ( Tamas is a Good Attribute )

"ചത്തു പോയി" എന്നത് ഒരു ഗ്രാമീണപ്രയോഗം എന്ന നിലയിൽ കഠിനമാണെങ്കിലും, പ്രകൃതിയുടെ ഭാഷയിൽ സത്യത്തോടേറ്റവും അടുത്ത് നിൽക്കുന്നതുമാണ്.

മറ്റെന്തിനേക്കാളും "ചത്തു പോയി" എന്ന പ്രയോഗം അന്വർത്ഥമാണെന്ന് പറയാതെ വയ്യ!

മനുഷ്യൻറ്റെ "സത്ത്" അതായത് ആത്മാവ് പോയി എന്നർത്ഥം!

ഭാരതീയ യോഗവേദാന്തപ്രകാരം ജീവജാലങ്ങളിലെ കോശഘടനയും ജീവതത്വവും

ഭൗതികം / ആകാരം - അന്നമയകോശം, 

ഊർജ്ജം , പ്രവൃത്തി - പ്രാണമയകോശം, 

മനസ്സ് / വികാരം - മനോമയകോശം, 

ബുദ്ധി / വിവേകം - വിജ്ഞാനമയകോശം, 

ഹർഷം / നിർവൃതി - അനന്ദാമയകോശം,

പിന്നെ ആത്മനും! എന്ന രീതിയിൽ ആണ്. 

ബാക്കിയെല്ലാം നിലപ്പിച്ചു കൊണ്ട് ആത്മൻ പോയി!

സത്ത് പോയ ജഡം പഞ്ചഭൂതങ്ങളിൽ വിലയം പ്രാപിയ്ക്കുന്നു.


ഇങ്ങനെ ബഹിർഗമിയ്ക്കുന്ന അസംസ്കൃതശക്തിയെ "ചാവ്" എന്ന് വിശേഷിപ്പിയ്ക്കുന്നു.

അതിനെ അപരബ്രഹ്മത്തിലൂടെ കൂട്ടിക്കൊണ്ട് പോകുന്ന മോഡുലേറ്റിംഗ് ശക്തിയെ യമദൂതൻ എന്നു വിളിയ്ക്കാം. അന്താരാഷ്ട്ര വിമാനത്താലവളങ്ങളിൽ എമിഗ്രേഷന് മുമ്പ് ഒരു മഞ്ഞ വരയുണ്ടല്ലോ, അത് കടന്നാൽ പിന്നെ ഒരു രാജ്യത്തുമല്ല; ഇല്ലത്തൂന്ന് പോന്ന് അമ്മാത്തെത്താത്ത അവസ്ഥ. വീണ്ടും അടുത്ത രാജ്യത്തെ എമിഗ്രേഷ്നു മുമ്പ് മഞ്ഞ വര, ആ രാജ്യത്തേയ്ക്ക് പ്രവേശനം . അത് പോലെ ഒരു വൈതരണീ നദിയുണ്ട് കടുത്ത തമസ്സിന്റെ പ്രവാഹമുള്ള നദി. ഇത് കടക്കാൻ ആർജ്ജിത പുണ്യം വേണമത്രേ! ഒരു തരാം റിവേഴ്സ് ഒസ്സ്മോസ്സിസ്സ് ആത്മനെന്ന ശക്തിയെ ഉറച്ച് നോക്കി മാറ്റ് നിശ്ച്ചയിയ്ക്കുന്ന പ്രക്രിയ. 

ചാവിനെ ശുദ്ധീകരിയ്ക്കുന്ന പ്രക്രിയയിൽ ഏർപ്പെട്ട ശക്തിയെ യമധർമ്മൻ എന്നും ആ പ്രക്രിയ നടക്കുന്ന ഇടത്തെ പോസിറ്റീവ് ശക്തികളെ ശുദ്ധീകരിയ്ക്കുന്ന സ്വർഗ്ഗമെന്നോ,നെഗറ്റീവ് ശക്തികളെ ശുദ്ധീകരിയ്ക്കുന്ന നരകമെന്നോ വിളിയ്ക്കാം.


ശുദ്ധീകരിയ്ക്കപ്പെട്ട ആത്മശക്തി ഒന്നുകിൽ പരബ്രഹ്മത്തിൽ വിലയം പ്രാപിയ്ക്കുന്നു, അല്ലെങ്കിൽ അടുത്തജന്മത്തിനായി കാത്തിരിയ്ക്കുന്നു. ഇതെല്ലാം സംഭവിയ്ക്കുന്നത് തുടർച്ചയ്ക്ക് ഹേതുവായ തമോഗുണം ഹേതുവായാണ്. 

ഒരുവൻറ്റെ ജന്മങ്ങളായി ആർജ്ജിച്ച പാപഫലം നരകത്തിൽ വച്ച് പൂർണ്ണമായി ശുദ്ധീകരിയ്ക്കാൻ കഴിയാതെ വന്നാൽ അവനത് പ്രത്യക്ഷത്തിൽ ധരിച്ച് അടുത്ത ജന്മം കൊള്ളും എന്ന് ചില ഗ്രന്ഥങ്ങൾ പറയുന്നു. വികലാംഗൻ ആയി ജനിയ്ക്കുന്നത് ഇതിനുദാഹരണമായി പറയപ്പെടുന്നു.

അപ്പോൾ, ബാബാ രാംദേവ് ആളു അത്ര ശരിയല്ല എന്ന തീരുമാനത്തിലെത്തിയില്ലേ ഇപ്പോൾ? അതു മതി, അത്രേ ഞാൻ ഉദ്ദേശിച്ചിട്ടുമുള്ളൂ!!!